Sunday, June 8, 2008

കരിഞ്ഞ ബ്ളോഗുകളും കരിവാരവും..

ഹൊ...കുറച്ചു ദിവസമായി ബൂലോകത്തിണ്റ്റെ ഇടവഴികളിലേക്ക്‌ കടന്നുവരാതെ ഒരു സൈഡായി കിടക്കുകയായിരുന്നു. ഇന്നാണ്‌ അവിടം ഒന്ന്‌ കറങ്ങിനടന്ന്‌ പരിശോധിച്ചത്‌. അപ്പോഴാണ്‌ കണ്ടത്‌ ബൂലോകം ആകെ കരിഞ്ഞിരിക്കുന്നു. ചിലര്‍ ബ്ളോഗുകള്‍ ആകെ കരിച്ചു കുളിപ്പിച്ചു കിടത്തിയിരിക്കുന്നു. മറ്റു ചിലര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം പോസ്റ്റുകള്‍ ഛര്‍ദ്ദിക്കുന്നു. ഇനിയും ചിലര്‍ 'അമേരിക്കയുടെ ഇറാഖ്‌ അധിനിവേശത്തെ ഇവിടെ കുത്തിയിരുന്ന്‌ എതിര്‍ക്കുന്നത്പോലെ' പ്രതിഷേധത്തിണ്റ്റെ അലയൊലികള്‍ തീര്‍ത്ത്‌ ഒരു ഭാഗത്ത്‌ അടങ്ങിയിരിക്കുന്നു. കരിവാരത്തിണ്റ്റെ ഉള്ളില്‍ തലയിടാത്ത ചുരുക്കം ചില പ്രഭൃതികള്‍ മാത്രം 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്നു പറഞ്ഞ്‌ ഒളിച്ചിരിക്കുന്നു. ധൈര്യവും ചങ്കൂറ്റവും വാക്കിലും പ്രവൃത്തിയിലുമുള്ള ചിലര്‍ മാത്രമാണ്‌ 'എന്തോന്ന്‌ കരിവാരം' എന്ന്‌ ചോദിച്ച്‌ നിവര്‍ന്ന്‌ നില്‍ക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ അന്യന്‌ ഇതിനകം തന്നെ മനസ്സിലായിക്കഴിഞ്ഞു.

സത്യത്തില്‍ എന്തോന്നാണ്‌ മക്കളേ..കരിവാരമാചരിച്ച്‌ നിങ്ങള്‍ ഇവിടെ കാട്ടിക്കൂട്ടാന്‍ ഉദ്ദേശിക്കുന്നത്‌.? ബൂലോകത്തെ ചിലരുടെ ബ്ളോഗുകള്‍ അവരുടെ അനുവാദം ചോദിക്കാതെ അടിച്ചുമാറ്റിയ നടപടി ശരിയാണെന്ന്‌ അന്യന്‍ ഒരിക്കലും പറയില്ല. കോപ്പിയടിക്കെതിരാണെങ്കില്‍ ബൂലോകത്തെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കും സംശയമില്ല. അതിന്‌ ഒരുമിച്ച്‌ നിന്നൊരു തീരുമാനമെടുത്ത്‌ പ്രതികരിക്കുകയായിരുന്നു വേണ്ടത്‌. എന്നാല്‍ വെറുതെ പോയി കടിക്കുന്ന പട്ടിയുടെ വായില്‍ കയ്യിട്ട്‌ കടി കൊണ്ട്‌ ഇളിഞ്ഞവര്‍ക്ക്‌ പിന്തുണയും കൊണ്ട്‌ രംഗത്തിറങ്ങുന്ന പരിപാടി എല്ലാവര്‍ക്കും അത്രയ്ക്കങ്ങ്‌ ദഹിക്കില്ല.

എന്താണ്‌ ഈ പൊല്ലാപ്പുകള്‍ക്കെല്ലാം തുടക്കമായത്‌ എന്ന്‌ പോലും അറിയാത്ത ചില വീരന്‍മാരും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ നടക്കുന്നത്‌ കാണുമ്പോള്‍ ചിരിച്ചിട്ട്‌ നിക്കാനും ഇരിക്കാനും വയ്യ. കേരള്‍സ്‌ ഡോട്ട്‌ കോം ബ്ളോഗിലെ ചിലരുടെ കവിതകളുടെയും കഥകളുടെയും ലിങ്കുകള്‍ തങ്ങളുടെ ഹോംപേജില്‍ കൊടുക്കുന്നത്‌ മിന്നാമിനുങ്ങ്‌ സജിയണ്ണന്‍ എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തി. നല്ലതു തന്നെ. അതിന്‌ ശേഷം ആ പോസ്റ്റ്‌ വായിച്ച്‌ കേരള്‍സിലേക്ക്‌ മെയില്‍ അയച്ചവരുടെ പോസ്റ്റ്‌ ലിങ്കുകള്‍ കേരള്‍സ്‌ ഡോട്ട്‌ കോം പെട്ടെന്ന്‌ തന്നെ ഡിലീറ്റ്‌ ചെയ്തു. സജി എടുത്തിട്ട വിഷയം സജി തന്നെ ഏകദേശം ഒരു സൈഡാക്കി കലാശക്കൊട്ടു കൊട്ടിയതാണ്‌. എന്നാല്‍ അവിടെ നിന്നും രണ്ട്‌ മുഴം അധികം ചാടി കേരള്‍സിലേക്ക്‌ നേരിട്ട്‌ മെയില്‍ ചെയ്ത്‌ അതാക്കും ഇതാക്കും എന്ന്‌ വിളിച്ച്‌ പറഞ്ഞ്‌ സംഭവമാക്കിയതിനാണ്‌ ഇഞ്ചിപ്പെണ്ണിന്‌ പണികിട്ടിയത്‌.

(അല്ല ഞാനൊന്നു ചോദിക്കട്ടെ, കേരള്‍സിലും മറ്റ്‌ സൈറ്റിലുമൊക്കെ കൊടുത്ത ലിങ്കുകള്‍ യഥാര്‍ത്ഥത്തില്‍ നല്ലൊരു പരസ്യം തന്നെയല്ലേ. ബ്ളോഗിലെ പല ഉണക്ക ബ്ളോഗുകള്‍ വരെ അതില്‍ വന്നുവെന്നത്‌ അത്തരം ഉണക്കബ്ളോഗിണ്റ്റെ ഉടമകളെ സംബന്ധിച്ചിടത്തോളം ഗുണമുളള കാര്യമാണെന്നാണ്‌ അന്യന്‌ തോന്നുന്നത്‌. കേരള്‍സില്‍ തന്നെ പോസ്റ്റ്‌ ചെയ്ത നല്ല പോസ്റ്റുകളില്‍ പലതിനും ബ്ളോഗന്‍മാരുടെ മെയില്‍ ഐ ഡി വരെ കൊടുത്തുവെന്ന കാര്യവും ഇതിനോട്‌ കൂട്ടിവായിക്കണം :) )
നാലുപേര്‍ കാണാത്ത ബ്ളോഗിലെ ചവറുകളെല്ലാം രണ്ടുമൂന്ന്‌ പേരെങ്കിലും കണ്ടല്ലോയെന്ന്‌ ഉള്ളില്‍ ആശ്വസിക്കുന്നവരാണ്‌ ഇതിനെതിരെ രംഗത്തുവന്നതെന്ന്‌ പരസ്യമായ രഹസ്യം.

പിന്നെ മഴത്തുള്ളിക്കിലുക്കത്തിണ്റ്റെ കാര്യം. ബൂലോകത്തില്‍ ഇന്ന്‌ കിടന്നുകാറുന്ന മിക്ക ബ്ളോഗന്‍മാരും അവരുടെ കന്നിബ്ളോഗ്‌ തുടങ്ങുന്നതിന്‌ മുമ്പെ മഴത്തുള്ളിക്കിലുക്കം ഇവിടെയുണ്ട്‌. മന്‍സൂറും, പ്രയാസിയും, സഹയാത്രികനുമെല്ലാം ബ്ളോഗന്‍മാരുടെ അനുവാദത്തോടെ തന്നെ കവിതകളും മറ്റും അതിമനോഹരമായി ഡിസൈന്‍ ചെയ്ത്‌ കൊടുത്തിട്ടുണ്ട്‌. മഴത്തുള്ളിക്കിലുക്കമെന്ന ബ്ളോഗ്‌ എന്തെന്നറിയാത്തവരല്ല ബൂലോകത്തെ പലരും. പിന്നെ മഴത്തുളളി ഡോട്ട്‌ കോമില്‍ മന്‍സൂറിണ്റ്റെ ബ്ളോഗിണ്റ്റെ ലിങ്ക്‌ കണ്ടതാണ്‌ ചിലര്‍ക്ക്‌ പ്രശ്നം. തിരിച്ചും. ഒരു നല്ല വെബ്‌ സൈറ്റെന്ന നിലയിലാണ്‌ അതിലേക്ക്‌ - അതും ബ്ളോഗില്‍ വരുന്നതിന്‌ മുമ്പ്‌ - ചിത്രങ്ങളും മറ്റും അയയ്ച്ചതെന്ന്‌ മന്‍സൂറ്‍ തന്നെ ഏറ്റുപറഞ്ഞതാണ്‌. മഴത്തുള്ളി ഡോട്ട്‌ കോമില്‍ മന്‍സൂറ്‍ മെമ്പറാണെങ്കില്‍ ഇമെയില്‍ വഴി രചനകള്‍ അയച്ചുകൊടുക്കേണ്ടതില്ല എന്ന വസ്തുത മനസ്സിലാക്കാനുള്ള സാമാന്യബോധം പോലുമില്ലാത്തവരെക്കുറിച്ച്‌ എന്തുപറയാനാണ്‌.

സൈറ്റില്‍ ലിങ്ക്‌ കണ്ടതിണ്റ്റെ മാത്രം പേരില്‍ മന്‍സൂറിണ്റ്റെ രക്തത്തിന്‌ വേണ്ടി മുറവിളികൂട്ടിയവരോട്‌ ഒരു ചോദ്യം. നിങ്ങളുടെയെല്ലാം ഒര്‍ക്യൂട്ട്‌ കമ്മ്യൂണിറ്റിയില്‍ ഉള്ള എല്ലാവരുമായും നിങ്ങള്‍ക്ക്‌ നേരിട്ട്‌ ബന്ധമുണ്ടോ. ആ കമ്മ്യൂണിറ്റി നിര്‍മ്മിച്ചയാളുടെ പ്രൊഫൈലില്‍ കാണുന്ന വിവരമല്ലാതെ അവരെക്കുറിച്ച്‌ മറ്റെന്തെങ്കിലും നിങ്ങള്‍ക്ക്‌ അറിയാമോ. ആ കമ്മ്യൂണിറ്റിയില്‍ നിങ്ങളുടെ ഓര്‍ക്കൂട്ടും ഉണ്ടെന്ന കാരണത്താല്‍ ആ കമ്മ്യൂണിറ്റി നിങ്ങളുടെത്‌ കൂടിയാണെന്ന്‌ വരുമോ....ഹേ... ??? മന്‍സൂറിനെതിരെ തറവാടിയുടെ വിശാലമായ അലക്ക്‌ ആദ്യം കണ്ടു. തറവാടിയുടെ ആവറേജ്‌ മനസിലാകുന്ന രീതിയിലായിരുന്നു അതിലെ വാക്കുകളും ആരോപണങ്ങളും. പിന്നെ മന്‍സൂറിനും, പ്രയാസിയ്ക്കും എതിരെ അഞ്ചല്‍ക്കാരണ്റ്റെ വിമര്‍ശനം കണ്ടു.

അതെ കമ്മ്യൂണിറ്റി നടത്തിപ്പുകാരനായ സഹയാത്രികനെ എന്തുകൊണ്ടാണ്‌ പേരെടുത്ത്‌ പറഞ്ഞ്‌ നന്നായി വിമര്‍ശിക്കാത്തതെന്ന്‌ ബൂലോകത്തിലെ ഒരു പുലിയും എന്തിന്‌ ഒരെലി പോലും ചോദിച്ചു കണ്ടില്ല. സഹയാത്രികനുമായുള്ള അടുപ്പമാവാം.. ഒരു പക്ഷേ...... സഹയാത്രികനെ മെല്ലെ വിവാദത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രേരിപ്പിച്ചത്‌... ... . അതാവാം സഹയാത്രികനെ മെല്ലെ വിവാദത്തില്‍ നിന്നും ഒഴിവാക്കിയത്‌. മഴത്തുള്ളിക്കിലുക്കത്തിണ്റ്റെ കമ്മ്യൂണിറ്റിയില്‍ നിന്ന്‌ മൂന്നാലു പേര്‍ ഇതിനകം തന്നെ പ്രതിഷേധിച്ചിറക്കിക്കഴിഞ്ഞു. അവിടെനിന്നിറങ്ങിപ്പോയവര്‍ കാര്യമായ സംഭാവനയൊന്നും കമ്മ്യൂണിറ്റിയിലേക്ക്‌ ഉണ്ടാക്കിയിട്ടില്ലെന്ന്‌ ഏത്‌ ബ്ളോഗനും എളുപ്പം മനസ്സിലാവും... അതുകൊണ്ട്‌ പ്രിയബ്ളോഗന്‍മാരെ ബ്ളോഗികളെ...നിങ്ങള്‍ ഈ അലക്ക്‌ ദയവായി ഒഴിവാക്കൂ...ബൂലോകത്തില്‍ എവിടെ നോക്കിയാലും ഇപ്പോള്‍ കരിഞ്ഞിട്ട്‌ നിക്കാന്‍ വയ്യാതായി. പ്രതിഷേധത്തിണ്റ്റെ പേരില്‍ ചിലര്‍ കാട്ടിക്കൂട്ടുന്ന പ്രഹസനങ്ങള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ സ്വയം വിഡ്ഢികളാകാതിരിക്കൂ... (വെറുതെ കരിവാരത്തിന്‌ പിറകേ പോകുന്നവര്‍ തങ്ങളുടെ തല ഒന്ന്‌ നേരാംവിധം വര്‍ക്ക്‌ ചെയ്യുവാനുള്ള സാവകാശമെങ്കിലും അനുവദിച്ചാല്‍ എത്ര നന്നായിരുന്നു.. )